തമിഴ്‌നാടിന്റെ ഹൃദയ ഭൂമിയിലൂടെ (Through The heart of Tamil Nadu)



വിരസമായ ദിനരാത്രങ്ങൾ അധികരിക്കുമ്പോൾ പതിവുപോലെ ഒരു യാത്ര ആരും ആഗ്രഹിച്ചുപോകും. പലതും ജീവിത തിരക്കിൽ ഒരാഗ്രഹമായി അവശേഷിക്കുകയാണ് പതിവ്. . യാത്രകൾ അനുഭവങ്ങളായി മാറണമെങ്കിൽ അതിനു പാകപ്പെട്ട ഒരു മനസുകൂടി വേണം. കേരളം പരക്കെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലുകൾ ഞങ്ങൾ കേരളത്തിന്റെ അതിർത്തി പ്രദേശനിവാസികൾക്ക് സാന്ദർഭികവശാൽ  യാത്രാ അവസരങ്ങൾ നൽകാറുണ്ട്. അങ്ങനെ ഈ കഴിഞ്ഞ നവംബർ മാസത്തിലെ ഒരു തിങ്കളാഴ്ച വളരെ വ്യത്യസ്തമായ ഒരു യാത്ര ഞാനും എന്റെ ഒരു സുഹൃത്തും ആസൂത്രണം ചെയ്തു. അത് കണ്ണുകൾ കൊണ്ട് ആസ്വദിക്കുന്ന കേവല കാഴ്ചകൾക്കപ്പുറമായി ഒരു ജനതയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിവരണാതീതമായ അനുഭവങ്ങളായിരുന്നു.

മധ്യകേരളം വരെയുള്ള ജനങ്ങളുടെ തീന്മേശയിൽ നിറയുന്ന പച്ചക്കറി വിഭവങ്ങൾ കേരളത്തിലെ വിഖ്യാത ജലസംഭരണിയായ മുല്ലപ്പെരിയാറിന്റെ നീരുറവകളാൽ തമിഴന്റെ സമാനതകളില്ലാത്ത അദ്ധ്വാനത്തിന്റെ ഫലമായി ലഭിക്കുന്നതാണ്. തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ ഞങ്ങൾ അനുഭവിച്ചത്‌ വാക്കുകളിലൂടെയും കണ്ടത് ക്യാമറയിലൂടെയും നിങ്ങൾക്കു ഇവിടെ സമർപ്പിക്കുന്നു.



അബ്ദുൽ സമദ് എല്ലാ തിങ്കളാഴ്ചയും തന്റെ കൊച്ചുകട അടക്കും. എവിടെ പോയെന്നോ എവിടെ പോകുമെന്നോ പറയാറില്ല. ഞങ്ങൾ പലതും പറഞ്ഞു കളിയാകുമെങ്കിലും അയാൾ എവിടെപോകുവാണ് എന്നറിയാൻ എല്ലാവര്ക്കും താല്പര്യം ഉണ്ടായിരുന്നു. ഒരിക്കൽ  വിസ്തരിച്ചു ഒരു ചോദ്യംചെയ്യൽ നടത്തി. അന്ന് ഒരു വ്യതസ്തമായ യാത്രയുടെ അനുഭവം അയാൾ വിവരിച്ചു. എല്ലാ തിങ്കളാഴ്ചയും പതിവുപോലെ കട അടച്ചു അയാൾ ഇറങ്ങും. ഏകാന്തനായി തമിഴ്നാട് ബസ്റ്റാന്റിൽ കിടക്കുന്ന ഏതേലും ഒരു സിറ്റി ബസ്സിൽ കയറും. മൊബൈൽ സ്വിച്ഓഫ് ചെയ്തു ഒരു യാത്ര. ഒട്ടും ധൃതി കൂട്ടാതെ തമിഴ്‌നാടിന്റെ ഗ്രാമാന്തരങ്ങളിലൂടെ ഒരു നിശബ്ദ പര്യടനം. വൈകുംപാടോടെയോ രാത്രിയിലോ തിരികെ എത്തും. സമദിന്റെ യാത്രാനുഭവത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അയാളെക്കൂടെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു യാത്ര ആസൂത്രണം ചെയ്തത്.

യാത്രയുടെ അനന്തവിജയപഥങ്ങൾകൊണ്ട് ഇതിഹാസങ്ങൾ രചിച്ച നിരവധി പ്രമുഖർ ഈ ലോകത്തുണ്ട്. എന്നാൽ സ്വന്തം മൂക്കിനുതാഴെ കിടക്കുന്ന സ്ഥലങ്ങൾ പോലും കാണാൻ ശ്രമിക്കാത്ത കൂട്ടരുമുണ്ട്. ഞാൻ ഈ രണ്ടാമത്തെ ഗണത്തിൽപെടും. എന്റെ ഓരോ തീരുമാനങ്ങളും നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അമ്മയെപ്പോളും കളിയാക്കും, "നായ പുതപ്പുവാങ്ങിക്കാൻ തീരുമാനിക്കുന്നപോലെയാണ് നിന്റെ ഓരോ കാര്യങ്ങൾ".

എന്തായാലും ഞാൻ സമദുമായി ഒരുയാത്ര ചട്ടംകെട്ടി.

അവൻ ആദ്യംതന്നെ ആമുഖമായി ഒരു കാര്യം പറഞ്ഞു "നീ പ്രതീക്ഷിക്കുന്നതുപോലെ കാഴ്ച്ചകളുടെ ഒരു ഘോഷയാത്രയൊന്നും അവിടെയില്ല". അതൊരു മൂഡ് ആണ് ആസ്വദിക്കാൻ തയാറാണെന്കിൽ പോരുക

അങ്ങനെ ആ തിങ്കളാഴ്ച്ച വന്നു. ഭാഗ്യവശാൽ അന്ന് ഹർത്താലായിരുന്നു. ഞങ്ങൾ ഒരുമിച്ചു എന്റെ ബൈക്കിൽ യാത്ര തുടങ്ങി. ടൗണിൽ എത്തിയപ്പോൾ പതാകവാഹകർക്കു ഒരു അഭിവാദ്യം അർപ്പിച്ചിട്ടു പതിയെ കേരള അതിർത്തി കടന്നു. ഒരു ചെക്ക് പോസ്റ്റിനു അപ്പുറവും ഇപ്പുറവും വ്യത്യസ്‌ത മായ അന്തരീക്ഷം. തമിഴ്‌നാട്ടിൽ ഹർത്താലുകൾ കുറവാണ്. സമദ് തന്റെ പതിവ് സിറ്റി ബസ്സ് നോക്കി കൈകൾ ഉയർത്തികാണിക്കുന്നതുകണ്ടു. കുറെ നാളത്തെ പരിചയം അല്ലെ.

യാത്രക്ക് വേണ്ടി ഒരു യാത്ര പോകുന്നതും അല്ലാതെ ഒരു യാത്ര പോകുന്നതും തമ്മിൽ വലിയ വ്യത്യാസം ഉള്ളതായി എനിക്ക് പ്രകടമായി തോന്നി. ആഴ്ച്ചയിൽ മൂന്ന് പ്രാവിശ്യം എങ്കിലും കടന്നുപോകുന്ന വഴിയായിട്ടുകൂടി ഞാൻ കാണാത്ത എന്തൊക്കെയോ അവിടെ ഉണ്ട് എന്ന് എനിക്ക് തോന്നി. കുമളിക്കും ലോവർ ക്യാമ്പിനും ഇടയിൽ ഉള്ള മലയോര പാത കേരള-തമിഴ്ന്നാട് വ്യാപാരങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്.



ആദ്യം സുരുളിയെ ലക്ഷ്യംവച്ചു മുന്നോട്ടു നീങ്ങി. നവംബർ ഡിസംബറിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചു പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കുമിളി തൊട്ടു ലോവർക്യാമ്പ് വരെയുള്ള വീഥികളെല്ലാം വാനര സഞ്ചയങ്ങൾ കൈയടക്കിയിരിക്കുന്നു. ഇതുവഴിയുള്ള വാഹനങ്ങൾ ഇവരെപ്രതി വളരെ സാവധാനം മാത്രമേ കടന്നുപോകു.



സുരുളിതീർഥം പണ്ടുമുതൽക്കേ പ്രചുരപ്രചാരമുള്ള പുണ്യസ്ഥലമാണ്. കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങൾ ബലിദർപ്പണത്തിനു കർക്കിടകമാസത്തിൽ ഒത്തുകൂടുന്ന സഥലംകൂടിയാണ് സുരുളി.

മലമടക്കുകളിൽനിന്ന് ധാരധാരയായും മഴക്കാലത്ത് ശക്തമായും ഉണ്ടാകുന്ന ജലപ്രവാഹമാണ് ഇവിടുത്തേ പ്രത്യേകത. മേഘമലകുന്നുകളിൽനിന്നും ഉൽഭവിക്കുന്ന ജലപ്രവാഹത്തിൽ പെരിയാർ വന്യജീവി സന്കേതത്തിന്റെ വൃഷ്ടിപ്രദേശത്തുനിന്നുമുള്ള ചെറിയചാൽ അരുവികൾകൂടി ഇഴുകിച്ചേരുന്നതാണ് സുരുളി വെള്ളച്ചാട്ടം.

സുരുളിയിലെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഗുഹകളാണ്. ഐതീഹ്യങ്ങളുടേയും അൽഭുതങ്ങളുടേയും കലവറയാണ് ഈ ഗുഹകൾ. ഈ ഗുഹക്ക് മുകളിൽ നിൽക്കുന്ന വൃക്ഷം തനിയേ പാറയായി രൂപാന്തരം പ്രാപിച്ച് കൊണ്ടിരിക്കുന്നു. ഈ  വൃക്ഷത്തിന്റെ ഇലകൾ ജലത്തിൽ നിക്ഷേപിച്ചാൽ അത് കല്ലായിമാറുമെന്ന് പറയപ്പെടുന്നു. ഈ ഗുഹക്കുള്ളിൽ കടന്നാൽ ഒരാൾക്ക് നിഷ്പ്രയാസം ഉപവിഷ്ഠനാകാൻ സാധിക്കും.

ഗുഹക്ക് മുകളിലായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ശിവൻ,മഹാവിഷ്ണു, ഗണപതി എന്നിരുടെ പ്രതിഷ്ഠകളാണ് ഇവിടുള്ളത്.







സുരുളിയിൽ അൽപ്പസമയം വിശ്രമിച്ചതിന്ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനമായ ദിൻഡികല്ലിലേക്ക് നീങ്ങി. വെയിലിന്റെ കാഠിന്യം ഏറിവന്നതിനാൽ ഇടക്ക് തണൽമരങ്ങളേയും കൃഷിയിടങ്ങളേയും വിശ്രമസ്ഥലങ്ങളാക്കേണ്ടിവന്നു. ഏതാണ്ട് ഒരുമണിയോടെ ദിൻഡിക്കൽ എത്തി.

പ്രിയ സുഹൃത്ത് അബ്ബാസലിയിൽ നിന്നാണ് ഞാൻ ദിൻഡിക്കല്ലിന്റെ സവിശേതകളെപ്പറ്റി മനസിലാക്കുന്നത്. പരന്ന വായനയും ചരിത്ര സ്മാരകങ്ങളോടുള്ള താൽപര്യവും തമിഴ്നാട്ടിലെ വിദ്യാഭ്യാസവും അദ്ധേഹത്തിന്റെ ഈ വിഷയത്തിലുള്ള അറിവിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പണ്ടൊരിക്കൽ പിജിയുടെ പ്രോജക്ട്ടിനായി അബ്ബാസലിയുമൊത്ത് ഇവിടെ വന്നതാണ് ഇപ്പോഴുള്ള യാത്രയുടെ പ്രേരകശക്തി.

സത്യത്തിൽ നഗരമധ്യത്തിലായി ഉയർന്നുനിൽക്കുന്ന ഈ പാറകൂറ്റനെയും, കോട്ടയേയും അതിന്റെ അകത്തളങ്ങളേയും വീഡിയോയിൽ പകർത്താൻ അതിയായ താൽപര്യം തോന്നിയെന്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തെ ബഹുമാനിച്ച് ഉപേക്ഷിച്ചു.

വിജയനഗര സാംമ്രാജ്യ അധിപതികളാൽ 800 വർഷം മുന്പ് നിർമ്മിക്കപ്പെട്ടതാണ് കോടക്കുള്ളിലേ ഈ ക്ഷേത്രം. ഇത് 1350 അടി സമുദ്രനിരപ്പിൽനിന്നും ഉയർന്നു നിൽക്കുന്നു. ബ്രിട്ടീഷ് സാംമ്രാജ്യ കാലഘട്ടത്തിലും അതിനുമുൻപും നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്.  കോട്ടയുടെ ഉള്ളിൽ ഞങ്ങൾക്ക് വിവരങ്ങൾ വിശദീകരിക്കുന്നതിനായി ശ്രീ വേലു എന്ന എക്സ് മിലിട്രിക്കാരൻ കടന്ന് വന്നു.
ദിൻഡിക്കൽ ഭരിച്ച ഒരോ രാജാക്കൻമാരെപ്പറ്റിയും വളരെ വിശദമായി അദ്ധേഹം പ്രതിപാദിച്ചു. ചിലപ്പതികാരത്തിൽ ഈ ക്ഷേത്രത്തേപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതായി അദ്ദേഹമറിയിച്ചു. ശിവന്റെയും പാർവ്വതിദേവിയുടെയും വിഗ്രഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിനുള്ളിലേ കൊത്തുപണികൾ ആരേയും അൽഭുതപെടുത്തുന്നതാണ്. ഹൈന്ദവ ദൈവങ്ങൾക്കാപ്പം ചൈനീസ് രൂപങ്ങൾപോലും കൊത്തുപണികളിൽ ഇടംപിടിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ കൽമണ്ഡപങ്ങൾക്കും റാണി മന്കംമാൾ എന്ന വിശ്രുത മധുര രാജ്ഞിക്കുമുള്ള പന്കിനേപ്പറ്റിയും വിവരിച്ചു.











ക്ഷേത്രത്തിനുള്ളിലെ കാഴ്ച്ചകൾക്ക് ശേഷം കോട്ട ചുറ്റിക്കാണുവാൻ ഞങ്ങൾ തീരുമാനിച്ചു. മദ്ധ്യാഹ്നസൂര്യന്റെ ഉഗ്രതാപത്തേ ചെറുകാറ്റിനാൽ തഴുകിത്തലോടിയപ്പോൾ അനിർവ്വചനീയമായ ഒരാശ്വാസം ഞങ്ങൾക്കനുഭവപ്പെട്ടു. കോട്ടകൊത്തളങ്ങളിൽ അവിടെ ഇവിടെയായി കാണപ്പെട്ട ചെറുകാരാഗൃഹങ്ങൾ ഭയവും ഏകാന്തതയും ഘനീഭവിച്ച സമാരകങ്ങൾ പോലെ നിലകൊള്ളുന്നു. കുതിരാലയത്തിലും കോട്ടകൊത്തളങ്ങളിലുമായി എത്ര ജീവനുകൾ പൊലിഞ്ഞിട്ടുണ്ടാവും. ഇത്രയധികം യുദ്ധങ്ങൾക്ക് സാക്ഷിയായിട്ടും ഇതിന്റെ അസ്ത്തിത്വത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ലായെന്നുള്ളത് പ്രിത്യേകം ചിന്തനീയമാണ്.













കോട്ടയും ഈ ക്ഷേത്രവും ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഒാഫ് ഇന്ത്യയുടെ കീഴിലാണ്.

നിരവധി ജയങ്ങൾക്കും പരാജയങ്ങൾക്കും സാക്ഷിയായ ദിൻഡിക്കൽ കോട്ടയെ പിന്നിലാക്കിയും ഇനി അടുത്ത ഹർത്താൽ ദിവസത്തിലേക്കുള്ള കാത്തിരിപ്പിനേപ്പറ്റി ചിന്തിച്ചും
ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു

Comments

Popular posts from this blog

Suruli Cave Temple near Thekkady, Cumbum.

Dindigul Fort and Temple in Heritage Tourism of Tamil Nadu